close
ഉള്ളടക്കത്തിലേക്ക് പോവുക

ആരോഗ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Health എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

രോഗങ്ങളില്ലാത്ത അവസ്ഥയെയാണ്‌ സാമാന്യേന ആരോഗ്യം എന്നതു കൊണ്ടുദ്ദേശിച്ചിരുന്നത്. ഇംഗ്ലീഷിൽ ഹെൽത്ത്‌ (Health). എന്നാൽ 1948-ലെ ലോക ഹെൽത്ത് അസംബ്ലിയുടെ നിർവചനപ്രകാരം രോഗ, വൈകല്യരാഹിത്യമുള്ള അവസ്ഥ മാത്രമല്ല, സമ്പൂർണ്ണ ശാരീരിക, മാനസിക, സാമൂഹ്യ സുസ്ഥിതി (wellbeing) കൂടി ആണു ആരോഗ്യം. [1][2] ഈ നിർവചനമാണ്‌ ഇന്ന് പൊതുവേ സ്വീകാര്യമായുള്ളത്. ഈ നിർവചനത്തോട് ലോകാരോഗ്യസംഘടനയുടെ 1986ലെ ഒട്ടാവ ചാർട്ടർ ഫോർ ഹെൽത്ത് പ്രൊമോഷന്റെ നിർവചനം കൂടി കൂട്ടിവായിക്കാറുണ്ട്: ആരോഗ്യം സമ്പൂർണ്ണ ദൈനംദിന ജീവിതത്തിനുള്ള ഒരുപാധിയാണ്‌, നിലനില്പിനായി മാത്രമുള്ളതല്ല. ആരോഗ്യം എന്നത് ശാരീരികശേഷിയിലും സാമൂഹിക വ്യക്തിപരമായ ഉപാധികൾക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ള സാക്ഷാത്തായ ഒരു സംഗതിയുമാണ്.

പ്രതികൂല ഘടകങ്ങളൊന്നുമില്ലാതിരിക്കുകയും ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനങ്ങൾ ശരിയായി നടക്കുകയും ചെയ്യുന്ന വ്യക്തിക്ക് ശാരീരിക, മാനസിക, സാമൂഹിക സുഖാവസ്ഥ അനുഭവപ്പെടുകയും ചെയ്യുന്നതിനേയാണ് ആരോഗ്യം എന്ന് പറയുന്നത്.[3]

ആരോഗ്യത്തിന്റെ ഘടകങ്ങൾ

[തിരുത്തുക]

ജീവിതശൈലിയും ജനതികവും പരിസ്ഥിതിയുമാണ് ആരോഗ്യത്തിനു നിദാനമായ ഘടകങ്ങൾ. ഭൌതീക പരിതഃസ്ഥിതി, സാമൂഹ്യ പരിതഃസ്ഥിതി, ജൈവ പരിതഃസ്ഥിതി എന്ന് പരിതഃസ്ഥിതി ഘടകങ്ങളെ മൂന്നായി തിരിക്കാം.

രോഗാവസ്ഥയ്ക്കുള്ള കാരണങ്ങൾ പലതാകാം. രോഗാണുക്കൾ, പരാദങ്ങൾ എന്നിവയുടെ ആക്രമണം , പോഷണക്കുറവ്, അതിപോഷണം, അമിതാഹാരം, മദ്യപാനം, പുകവലി പോലെയുള്ള ലഹരി ഉപയോഗം എന്നിവ കൂടാതെ ആഹാരത്തിൽ നിന്ന് ലഭിക്കുന്ന ചില ഘടകങ്ങൾ കൂടുതലായി ചയാപചയ പ്രക്രിയയിലൂടെ, അതിലുള്ള ക്രമക്കേട് മൂലമോ അളവ് കൂടുതലായതിനാലോ, വ്യയം ചെയ്യപ്പെടാതെയോ പുറംതള്ളപ്പെടാതെയോ ശരീരത്തിൽ അടിഞ്ഞുകൂടി രോഗാവസ്ഥ ഉണ്ടാകാം. കൂടാതെ അത്യാവശ്യമായ ചില ഘടകങ്ങൾ ലഭിക്കാതെ ശാരീരിക പ്രക്രിയകൾ താളം തെറ്റുന്നതു മൂലമുള്ള രോഗാവസ്ഥയാകാം. വ്യായാമക്കുറവുകൊണ്ടാകുന്ന മേൽപ്പറഞ്ഞതിലേതെങ്കിലും സ്ഥിതിവിശേഷമാകാം.

അമിതാദ്ധ്വാനം, സുരക്ഷിതമല്ലാത്ത തൊഴിൽ, മാനസിക സമ്മർദം (സ്‌ട്രെസ്‌), ഉറക്കക്കുറവ്, മാനസിക പ്രശ്നങ്ങൾ, അമിതവണ്ണം എന്നിവ രോഗാവസ്ഥയായി മാറാം. മഹാമാരികൾ പൊട്ടിപുറപ്പെടുന്നത് സാമൂഹികമായ ആരോഗ്യത്തെ മൊത്തത്തിൽ ബാധിക്കുന്നു. ഉദാ: കോവിഡ് 19.

ശരീര കോശങ്ങളുടെ അപകർഷവും (degeneration), പ്രായ വർദ്ധനയും (aging) രോഗ കാരണങ്ങളാണ്. കൂടാതെ പാരമ്പര്യ ഘടകങ്ങൾ. മേൽപ്പറഞ്ഞ ഏതെങ്കിലും അസന്തുലിതാവസ്ഥയ്ക്കുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രതികരണമായുണ്ടാകുന്ന ചില ക്രമക്കേടുകളായാകാം പുറത്ത് കാണപ്പെടുന്നത്. അതോടൊപ്പം തെറ്റായ ജീവിതശൈലി കൂടിയാകുമ്പോൾ രോഗമുണ്ടാകാനുള്ള സാധ്യത വളരെയധികം വർധിക്കുന്നു. രോഗാവസ്ഥയ്ക്കുള്ള ചികിത്സ തെറ്റായതു മൂലം രോഗാവസ്ഥ സൃഷ്ടിക്കപ്പെടാം. മരുന്നുകളുടെ കുറവു് കൊണ്ടും ആധിക്യം കൊണ്ടും രോഗാവസ്ഥ ഉണ്ടാകാം.

ജീവിക്കുന്ന സാഹചര്യം പൊതുവിൽ വ്യക്തികളുടെ ആരോഗ്യവും ജീവിതത്തിന്റെ ഗുണനിലവാരം (ക്വാളിറ്റി ഓഫ് ലൈഫ്) നിർണ്ണയിക്കുന്നതിലും പരമപ്രധാനമാണ്. വൈദ്യശാസ്ത്രത്തിന്റെ പ്രയോഗത്തിലൂടെ മാത്രമല്ല, ജീവിതരീതിയുടെ തിരഞ്ഞെടുപ്പിലൂടെയും മെച്ചപ്പെട്ട പരിസ്ഥിതിയുമാണ് ആരോഗ്യവും മൂല്യവും വർദ്ധിപ്പിക്കുന്നത് എന്നത് കൂടുതൽ സ്വീകാര്യമാവുകയാണ്. പരിസ്ഥിതിയുമായി ബന്ധപ്പെട്ടു മലിനീകരണവും, ശുദ്ധജലത്തിന്റെ അഭാവവും രോഗങ്ങൾ വർധിപ്പിച്ചേക്കാം.

ചുരുക്കത്തിൽ ആരോഗ്യം നിർണ്ണയിക്കുന്ന പ്രധാന ഘടകങ്ങൾ സാമൂഹികവും സാമ്പത്തികവുമായ അന്തരീക്ഷം, ആരോഗ്യസേവനങ്ങളുടെ ലഭ്യത, വികസനം, ഭൗതികമായ ചുറ്റുപാട്, ആരോഗ്യകരമായ തൊഴിലിടങ്ങൾ, ജനങ്ങളുടെ ജീവിതശൈലി, ആരോഗ്യകരമായ ആഹാരം, ശുചിത്വം, ലിംഗസമത്വം തുടങ്ങി ജെൻഡറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, സ്ത്രീകളുടെയും ലിംഗ ലൈംഗിക ന്യൂനപക്ഷങ്ങളുടെയും പ്രശ്നങ്ങൾ, ആരോഗ്യകരമായ ലൈംഗികബന്ധം, മെച്ചപ്പെട്ട മാനസികാവസ്ഥ, മലിനീകരണത്തിന്റെ തോത് തുടങ്ങിയവ ആണെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിലപാട്. [4]

ചികിത്സയും ആരോഗ്യവും

[തിരുത്തുക]

രോഗങ്ങൾ വന്നാൽ ശാസ്ത്രീയമായ ചികിത്സ തേടുക എന്നത് ഏറ്റവും പ്രധാനമാണ്. മികച്ച ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ, ആരോഗ്യ ബോധവൽക്കരണ വിദ്യാഭ്യാസം എന്നിവയുടെ ലഭ്യത പ്രധാനമാണ്. ഗുരുതരമായ രോഗങ്ങളുടെ ചികിത്സയ്ക്ക് സൂപ്പർ സ്പെഷ്യാലിറ്റി നിലവാരത്തിലുള്ള ആശുപത്രികൾ അത്യാവശ്യമാണ്. ഇന്ത്യയിൽ മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ, കോർപ്പറേറ്റ് സ്വകാര്യ ആശുപത്രികൾ തുടങ്ങിയവ ഇത്തരത്തിൽ സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ നൽകി വരുന്നു. ഗ്രാമീണ മേഖലയിൽ ആരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, ചെറിയ സ്വകാര്യ ആശുപത്രികൾ, ക്ലിനിക്കുകൾ തുടങ്ങിയവ മികച്ച സേവനം നൽകി വരുന്നു.

ആരോഗ്യവും സാമ്പത്തികവും

[തിരുത്തുക]

പൊതുവേ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സമൂഹങ്ങളിൽ ആരോഗ്യ സൂചികകളും വളരെ പിന്നിലായിരിക്കും. ഇത് ദരിദ്ര രാജ്യങ്ങളിൽ കാണാവുന്നതാണ്. ദരിദ്ര സമൂഹങ്ങളിൽ ചികിത്സ ചിലവുകൾ ഒരു വലിയ പ്രശ്നം തന്നെയാണ്. പലരും ചികിത്സ ചിലവുകൾ മൂലം കട ബാധ്യതയിൽ ആകുന്നു.

അമേരിക്കൻ ഐക്യനാടുകളിൽ ചികിത്സയ്‌ക്കുള്ള പണം പൊതുവേ ഇൻഷുറൻസ് മുഖേന ലഭ്യമാക്കുന്ന സംവിധാനം ആണുള്ളത്. സാമൂഹിക സുരക്ഷാ ഇൻഷുറൻസ് പ്രവർത്തിക്കുന്ന രാജ്യം കൂടിയാണിത്. 2023 ലെ കണക്കുകൾ പ്രകാരം ജിഡിപിയുടെ 17.6% തുക അമേരിക്ക ആരോഗ്യ മേഖലയ്ക്ക് വേണ്ടി നീക്കിവച്ചിരുന്നു. അതായത് 4.9 ട്രില്യൺ ഡോളർ അഥവാ ഒരു വ്യക്തിക്ക്‌ വേണ്ടി 14,570 ഡോളർ ചിലവഴിച്ചു എന്ന്‌ സെന്റർസ് ഫോർ മെഡികെയർ ആൻഡ്‌ മെഡികായ്ഡ് സെർവിസിസ്‌ വ്യക്തമാക്കുന്നു. ആരോഗ്യ പരിരക്ഷാ ചിലവുകൾ വർധിച്ചു വരുമ്പോഴും അമേരിക്കൻ ഐക്യനാടുകൾ അവരുടെ ജിഡിപിയുടെ നല്ലൊരു ശതമാനം ആരോഗ്യ മേഖലയ്ക്ക് നൽകുന്നതായി കാണാൻ സാധിക്കും, പ്രത്യേകിച്ച് മറ്റ് വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ. ആരോഗ്യ രംഗത്തെ ഗവേഷണത്തിനും അവർ സാമ്പത്തികം ചിലവഴിക്കുന്നു.

എന്നാൽ യുകെയിൽ നാഷണൽ ഹെൽത്ത്‌ സർവീസ് അഥവാ NHS ജനങ്ങൾക്ക് പൂർണ്ണമായും സൗജന്യമായി ചികിത്സ നൽകുന്നു. ഇതിനുള്ള പണം വ്യക്തികളുടെ നികുതി, ആളുകൾ അടയ്ക്കുന്ന നാഷണൽ ഇൻഷുറൻസ് എന്ന സോഷ്യൽ സെക്യൂരിറ്റി സംവിധാനം എന്നിവ വഴി കൂടി ലഭ്യമാക്കുന്നതായി കാണാം. കൂടാതെ യുകെ അവരുടെ ജിഡിപിയുടെ 11.1% 2024ഇൽ ആരോഗ്യ മേഖലയ്ക്ക് വേണ്ടി ചിലവഴിച്ചതായി കാണാൻ സാധിക്കും. അതിനാൽ യുകെയിൽ ചികിത്സ ആവശ്യമായി വന്നാൽ അതിനുവേണ്ടി NHS ആശുപത്രികളിൽ പണം അടക്കേണ്ട ആവശ്യമില്ല. ആറ് നേരത്തെ ഭക്ഷണം ഉൾപ്പെടെ ചികിത്സ സൗജന്യമാണ്.

ഇന്ത്യയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ജിഡിപിയുടെ 2.1 ശതമാനം തുക 2023 സാമ്പത്തിക വർഷത്തിൽ ആരോഗ്യ മേഖലയ്ക്ക് വേണ്ടി ചിലവഴിച്ചതായി കാണാൻ സാധിക്കും. ഇത് 2022, 2021 സാമ്പത്തിക വർഷങ്ങളിൽ യഥാക്രമം 2.2%, 1.6% എന്നിങ്ങനെ ആയിരുന്നു. വർഷം തോറും വർദ്ധനവ് ഉണ്ടാകുന്നുണ്ടെങ്കിലും മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയുടെ ആരോഗ്യ മേഖലയ്ക്ക് വേണ്ടിയുള്ള ജിഡിപിയുടെ കണക്കുകൾ തീരെ കുറവ് തന്നെയാണ് എന്നതാണ് വസ്തുത. ഇന്ത്യയിലെ ആരോഗ്യ മേഖലയുടെ വികസനത്തിന്‌ കൂടുതൽ ധനസഹായം ആവശ്യമാണ് എന്നത് യഥാർഥ്യമാണ്.

ഹെൽത്ത്‌ ഇൻഷുറൻസ് അപ്രതീക്ഷിതമായ ചികിത്സ ചിലവുകൾ ഗണ്യമായി കുറക്കുന്നതിൽ ഏറെ സഹായിക്കുന്നു. ഇന്ത്യയിലും മികച്ച ഹെൽത്ത്‌ ഇൻഷുറൻസ് സേവന ദാതാക്കളെ കാണാം. ചില രാജ്യങ്ങളിൽ ഹെൽത്ത്‌ ഇൻഷുറൻസ് നിർബന്ധമാണ്.

അതുപോലെ പല വികസിത വിദേശ രാജ്യങ്ങളിലും സോഷ്യൽ സെക്യൂരിറ്റി സംവിധാനം അഥവാ സോഷ്യൽ ഇൻഷുറൻസ് മുഖേന സാധാരണക്കാർക്ക് ഉയർന്ന നിലവാരത്തിലുള്ളതും എന്നാൽ സൗജന്യവുമായ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. പല ആശുപത്രികളിലും രോഗികൾക്ക് മൂന്ന് നേരത്തെ ഭക്ഷണവും നൽകാറുണ്ട്. അവിടങ്ങളിൽ സ്വകാര്യ മേഖലയിലെ ജോലിക്കാരും നിശ്ചിത തുക സോഷ്യൽ ഇൻഷുറൻസ് അല്ലെങ്കിൽ ഹെൽത്ത്‌ ഇൻഷുറൻസ് സംവിധാനത്തിലേക്ക് അടക്കേണ്ടതുണ്ട്. ഇങ്ങനെ പിരിച്ചെടുക്കുന്ന തുക ആശുപത്രികളുടെ വികസനത്തിനും ഗവേഷണത്തിനും ഉപയോഗപ്പെടുത്തുന്നു. ദരിദ്രർക്ക് മാത്രമാണ് അവിടെ സർക്കാർ പൂർണമായും സൗജന്യ ചികിത്സ ലഭ്യമാക്കുന്നുള്ളു.

ജീവിതശൈലി രോഗങ്ങൾ

[തിരുത്തുക]

കാൻസർ, പ്രമേഹം, ഹൃദ്രോഗം, ധമനീ രോഗങ്ങൾ, രക്താതിമർദ്ദം, പക്ഷാഘാതം, COPD, വൃക്കരോഗം, കരൾ രോഗങ്ങൾ, പിസിഒഎസ്, അമിത കൊളെസ്ട്രോൾ, അമിതവണ്ണം, വയറിനു ചുറ്റും കൊഴുപ്പ് അടിയുന്ന അവസ്ഥ അഥവാ കുടവയർ, വന്ധ്യത, ഉദ്ധാരണക്കുറവ്, സ്ത്രീ ലൈംഗിക ഉത്തേജന വൈകല്യം എന്നിവ നല്ലൊരു ശതമാനവും തെറ്റായ ജീവിതശൈലി മൂലമുണ്ടാകുന്ന രോഗങ്ങളുടെ കൂട്ടത്തിൽ എടുത്തു പറയേണ്ടതാണ്. അതിനാൽ ഇവയെ ജീവിതശൈലീരോഗങ്ങൾ എന്ന്‌ പറയുന്നു.

ആരോഗ്യകരമായ ജീവിതശൈലി കൊണ്ട് മേൽപ്പറഞ്ഞ രോഗങ്ങളെ നല്ലൊരു പരിധിവരെ തടയാനും, ആരോഗ്യം നിലനിർത്താനും സാധിക്കും.

പോഷക സമൃദ്ധമായ ഭക്ഷണം, ഉപ്പ്, എണ്ണ അല്ലെങ്കിൽ കൊഴുപ്പ്, മധുരം അഥവാ പഞ്ചസാര തുടങ്ങിയവ അമിതമായി അടങ്ങിയ അനാരോഗ്യകരമായ ആഹാരം, ശാരീരിക വ്യായാമം, ഉറക്കം, മാനസിക സമ്മർദം, പുകവലി, അതിമദ്യാസക്തി തുടങ്ങിയവ ഒരു വ്യക്തിയുടെ ആരോഗ്യത്തിൽ അതിപ്രധാന പങ്ക് വഹിക്കുന്നുണ്ട്.

ആരോഗ്യവും ജീവിതശൈലിയും

[തിരുത്തുക]
  • വ്യായാമം-വ്യായാമക്കുറവാണ് പ്രധാന പ്രശ്നം. മുതിർന്നവർ നിത്യേന കുറഞ്ഞത് 30 മിനുട്ട് വീതവും കുട്ടികൾ ഒരു മണിക്കൂറും ശാരീരികാധ്വാനം നൽകുന്ന വ്യായാമം ചെയ്യേണ്ടതുണ്ട്. ജിംനേഷ്യ പരിശീലനം, കളികൾ, നൃത്തം, ആയോധനകലകൾ തുടങ്ങിയ ഉദാഹരണം. ഇത് ശാരീരികക്ഷമത മാത്രമല്ല കാൻസർ, പ്രമേഹം, ഹൃദ്രോഗം, അമിതഭാരം, വന്ധ്യത, ഉദ്ധാരണശേഷിക്കുറവ്, സ്ത്രീ ലൈംഗിക ഉത്തേജന വൈകല്യം തുടങ്ങിയ ഗുരുതര ജീവിതശൈലി രോഗങ്ങളെ അകറ്റാനും മാനസികമായ ആരോഗ്യവും ലൈംഗികാരോഗ്യവും മെച്ചപ്പെടുത്താനും സഹായിക്കുന്നു എന്ന് പഠനങ്ങൾ പറയുന്നു.
  • പോഷകാഹാരം- പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കേണ്ടത് ആരോഗ്യവും ചുറുചുറുക്കും നിലനിർത്താൻ ഏറ്റവും അത്യാവശ്യമാണ്. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായ പ്രകാരം അതിനായി ദിവസേന 5 കപ്പ് പഴങ്ങളും പച്ചക്കറികളും ഇലക്കറികളും, പരിപ്പുവർഗങ്ങൾ, മത്സ്യം, മുട്ട എന്നിവ ശരിയായ അളവിൽ ആഹാരത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ഇതുവഴി വിറ്റാമിനുകൾ, ധാതുക്കൾ, പ്രോടീൻ, ഒമേഗ 3 ഫാറ്റി ആസിഡ്, നാരുകൾ എന്നിവ ശരീരത്തിന് ആവശ്യത്തിന് ലഭ്യമാകുന്നു.
  • അനാരോഗ്യകരമായ ആഹാരം-അമിതമായി ഭക്ഷണം കഴിക്കുന്നത് നല്ലതല്ല. ചോറ്, ബിരിയാണി, എണ്ണയിൽ വറുത്തതും പൊരിച്ചതും അമിതമായി മൊരിഞ്ഞതുമായ ആഹാരങ്ങൾ, മധുരം അല്ലെങ്കിൽ പഞ്ചസാര, ഉപ്പ്, കൊഴുപ്പ്, അന്നജം, കൊഴുപ്പ് കൂടിയ മാംസം, പലഹാരങ്ങൾ എന്നിവ അമിതമായി ഉപയോഗിക്കുന്നത് നിയന്ത്രിക്കേണ്ടതാണ്.
  • അമിതവണ്ണം- ശരീരത്തിന്റെ അമിതവണ്ണം, വയറിന് ചുറ്റും അടിയുന്ന കൊഴുപ്പ് അഥവാ കുടവയർ എന്നിവ നിയന്ത്രിക്കേണ്ടതും അത്യാവശ്യമാണ്. ഇവ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്ന ഒരു ഘടകമാണ്.
  • പുകവലി, മദ്യപാനം- ലഹരിയുടെ ഉപയോഗമാണ് ആരോഗ്യത്തെ ഏറ്റവും ദോഷകരമായി ബാധിക്കുന്ന മറ്റൊരു ഘടകം. അതിമദ്യാസക്തി, പുകവലി തുടങ്ങിയവ രോഗസാധ്യത വളരെയധികം വർധിപ്പിക്കുന്നു. പുലയിലയിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ ശരീരത്തിലെ എല്ലാ അവയവങ്ങളെയും ബാധിക്കുന്നു.
  • മാനസിക സമ്മർദ്ദം- അമിതമായ മാനസിക സമ്മർദം മറ്റൊരു ഘടകമാണ്. വീട്ടിലും തൊഴിലിടത്തിലും ഉണ്ടാകുന്ന മാനസിക സമ്മർദം കുറയ്ക്കാൻ ഉതകുന്ന ജീവിതരീതി സ്വീകരിക്കുക. ഉല്ലാസവേളകൾ കണ്ടെത്തുക. അതിനായി വിനോദ യാത്രകൾ, സംഗീതം, നൃത്തം, സിനിമകൾ, ആഘോഷങ്ങൾ മുതലായവ ആസ്വദിക്കാം.
  • നന്നായി ഉറങ്ങുക- നിത്യേന 7/8 മണിക്കൂർ നന്നായി ഉറങ്ങുക.
  • മറ്റ് കാരണങ്ങൾ- അപകടങ്ങൾ, അതിക്രമങ്ങൾ, ബലാത്സംഗം, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം എന്നിവ കൊണ്ടുമാകാം രോഗാവസ്ഥ.[5][6]

വ്യായാമവും ആരോഗ്യവും

[തിരുത്തുക]

ശാരീരികക്ഷമതയും ആരോഗ്യവും ചിലപ്പോൾ ശരീര സൗന്ദര്യവും വച്ചുപുലർത്താനായി ചെയ്യുന്ന കായികാഭ്യാസങ്ങളാണ് വ്യായാമം. ആംഗലേയത്തിൽ എക്സ്സെർസൈസ് (Exercise). മുതിർന്നവർ ദിവസേന കുറഞ്ഞത് മുപ്പത് മിനുട്ട് നേരവും കുട്ടികൾ ഒരു മണിക്കൂറും വ്യായാമം ചെയ്യേണ്ടത് ആരോഗ്യം, ഫിറ്റ്നസ് എന്നിവ നിലനിർത്താൻ അത്യാവശ്യമാണ് എന്ന് ലോകാരോഗ്യ സംഘടന (WHO) പറയുന്നു.

പലരും പല ലക്ഷ്യങ്ങൾക്കായി വ്യായാമം ചെയ്യുന്നു. കായികരംഗത്തെ മികവിനായി, പേശികൾ ബലപ്പെടുത്തുന്നതിനായി, ശരീരഭാരം കൂട്ടുകയോ കുറക്കുകയൊ ചെയ്യുന്നതിനായി, കുടവയർ കുറയ്ക്കുന്നതിനായി, ശരീര സൗന്ദര്യവും ആകർഷകത്വവും മെച്ചപ്പെടുത്തുവാനായി, ആരോഗ്യം നിലനിർത്തുന്നതിനായി, രോഗങ്ങളെ നിയന്ത്രിക്കുന്നതിനായി, യുവത്വം അല്ലെങ്കിൽ ഫിറ്റ്നസ് നിലനിർത്താനായി, മാനസികമായ ഉല്ലാസവും ഊർജസ്വലതയും നിലനിർത്തുന്നതിനായി, മാനസിക സമ്മർദം കുറയ്ക്കുന്നതിനായി, തൊഴിൽ രംഗത്തെ മികവിനായി (ഉദാഹരണത്തിന്: സിനിമ, പോലീസ്, പട്ടാളം പോലെയുള്ള ജോലികൾ), മികച്ച ജീവിതശൈലിയ്ക്കായി, ലൈംഗികവും പ്രത്യുൽപാദനപരവുമായ ആരോഗ്യം മെച്ചപ്പെടുത്താനായി, ഹോർമോൺ സന്തുലിതാവസ്ഥ നിലനിർത്താൻ എന്നിങ്ങനെ പല ലക്ഷ്യങ്ങൾക്കായി വ്യായാമം ചെയ്യുന്നവരുണ്ട്.

ശാരീരിക വ്യായാമം പേശികളെ ബലപ്പെടുത്തുകയും കുടവയർ കുറക്കുകയും, ഹോർമോൺ സന്തുലിതാവസ്ഥ നിലനിർത്തുകയും, ഇത് ശരീര സൌന്ദര്യവും ആകർഷകത്വവും വർധിപ്പിക്കുകയും ചെയ്യുന്നു. ബോഡി ബിൽഡിംഗ്‌, ഫിറ്റ്നസ്, സിനിമ-സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സൗന്ദര്യ രഹസ്യവും മറ്റൊന്നല്ല.

പതിവായി വ്യായാമം ചെയ്യുന്ന ആളുകളിൽ വ്യായാമം ചെയ്യാത്തവരെ അപേക്ഷിച്ചു വളർച്ചാ ഹോർമോൺ (Growth hormone), പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോൺ, സ്ത്രീ ഹോർമോൺ ആയ ഈസ്ട്രജൻ തുടങ്ങിയവയുടെ അളവ് മെച്ചപ്പെട്ടു കാണപ്പെടുന്നു. കൂടാതെ സ്‌ട്രെസ് ഹോർമോൺ ആയ കോർട്ടിസോൾ മുതലായവ കൃത്യമായി നിയന്ത്രിക്കപ്പെടുകയും ശരീരത്തിലെ കൊഴുപ്പ് കുറയുകയും ചെയ്യുന്നു. ഇതവരുടെ യവ്വനവും ചുറുചുറുക്കും ശരീര സൗന്ദര്യവും നിലനിർത്തുന്നു. സ്ത്രീകളിൽ ആർത്തവ ക്രമക്കേടുകൾ അകറ്റാനും, ശരീര സൗന്ദര്യവും, ആരോഗ്യവും ഉണ്ടാകാനും വ്യായാമം സഹായിക്കുന്നു.

പല തരത്തിലുള്ള വ്യായാമങ്ങൾ ഉണ്ട്. സാധാരണ രീതിയിൽ വ്യായാമം ചെയ്യുമ്പോൾ മടുപ്പ് ഉളവാകുന്നവർക്ക്‌ ആനന്ദകരമായ സംഗീതത്തിന്റെ അകമ്പടിയോടെ നൃത്തം, സുംബ ഫിറ്റ്നസ് ഡാൻസ്, അയോധന കലകൾ, കളികൾ, നീന്തൽ എന്നിവ ഏതെങ്കിലും ശീലമാക്കാവുന്നതാണ്.

‘രോഗങ്ങളെ ചെറുക്കുന്ന അത്ഭുതം’ എന്നാണ് ആരോഗ്യ പ്രവർത്തകർ വ്യായാമത്തെ വിളിക്കുന്നത്. പതിവായി വ്യായാമം ചെയ്യുന്നത് രോഗപ്രതിരോധവ്യവസ്ഥയുടെ ശക്തി വർദ്ധിപ്പിക്കുന്നതിനും, രക്തയോട്ടം മെച്ചപ്പെടുത്താനും, കാൻസർ, ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം, പൊണ്ണത്തടി, പക്ഷാഘാതം, ഫാറ്റി ലിവർ, അമിത രക്താതിമർദ്ദം, അമിത കൊളസ്ട്രോൾ, പിസിഒഡി, വന്ധ്യത, വിഷാദരോഗം, ഉദ്ധാരണശേഷിക്കുറവ്, സ്ത്രീ ലൈംഗിക ഉത്തേജന വൈകല്യം, യോനീ വരൾച്ച, വന്ധ്യത തുടങ്ങിയ ജീവിതശൈലീരോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുവാനും നല്ലൊരു ശതമാനംവരെ അവയെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു.

വ്യായാമം ചെയ്യുന്ന വ്യക്തികൾ മറ്റുള്ളവരെക്കാൾ ചുറുചുറുക്കോടെ കാണപ്പെടുകയും ഇത്തരക്കാരിൽ നടുവേദന, കഴുത്തുവേദന പോലെയുള്ള പ്രശ്നങ്ങൾ കുറഞ്ഞിരിക്കുകയും, ദീർഘകാലം ചെറുപ്പമായിരിക്കുകയും ചെയ്യുന്നു. പേശികളും അസ്ഥികളും ബലപ്പെടുത്തുന്നതിന്റെ ഗുണം വളരെയധികമാണ്. വാർധക്യത്തിലും ചുറുചുറുക്കോടെ ആരോഗ്യത്തോടെയിരിക്കാനും വ്യായാമം സഹായിക്കുന്നു. വ്യായാമത്തിന്റെ ഗുണം മിക്കവാറും എല്ലാ അവയവങ്ങൾക്കും ലഭിക്കുന്നു.

ശരീരത്തിലെത്തുന്ന അമിതമായ കൊഴുപ്പ്, ഉപ്പ്, ഊർജം അഥവാ പഞ്ചസാര, രക്താതിമർദ്ദം എന്നിവയെ നിയന്ത്രിക്കുവാനും രക്തയോട്ടം മെച്ചപ്പെടുത്തുവാനും ഹോർമോൺ വ്യതിയാനങ്ങളെ ചെറുക്കുവാനും ഏറെ ഫലപ്രദമാണ് ശാരീരികമായ വ്യായാമം.

പോഷക സമൃദ്ധവുമായ ഭക്ഷണ ക്രമീകരണത്തിനൊപ്പം ചെയ്യുമ്പോഴാണ് വ്യായാമം ഇത്തരത്തിൽ പൂർണ്ണമായ ഗുണങ്ങൾ നൽകുന്നത്.

ഹൃദയം, തലച്ചോർ എന്നിവയുടെ ശരിയായ പ്രവർത്തനത്തിന്റെ വ്യായാമം ഒഴിച്ചു കൂടാനാവാത്തതാണ്. സ്തനം, പ്രോസ്ട്രേറ്റ്, വൻകുടൽ, ശ്വാസകോശം, കരൾ തുടങ്ങിയവയെ ബാധിക്കുന്ന കാൻസർ രോഗത്തെ പോലും വ്യായാമം തടയുന്നതായി പഠനങ്ങളുണ്ട്. രോഗങ്ങൾ ബാധിച്ചവർ ആരോഗ്യ പ്രവർത്തകരുടെ നിർദേശ പ്രകാരം മാത്രം അഭികാമ്യമായ വ്യായാമം തെരെഞ്ഞെടുക്കുക.

വ്യായാമം മാനസികാരോഗ്യം വർദ്ധിപ്പിക്കുന്നതിനോടൊപ്പം സന്തോഷവാനായിരിക്കാനും സഹായിക്കുന്നു. ഇത് ചെയ്യുമ്പോൾ സന്തോഷകരമായ ഹോർമോണുകളുടെ ഉത്പാദനം വർധിക്കുന്നു. ഒപ്പം മികച്ച ശാരീരികക്ഷമത പ്രദാനം ചെയ്യുകയും കാര്യങ്ങളെ നല്ല രീതിയിൽ നോക്കിക്കാണുവാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കുന്നു.

കൃത്യമായി വ്യായാമം ചെയ്യുന്നത് തൃപ്തികരമായ ലൈംഗികാരോഗ്യത്തിന് സഹായകരമാകുന്നു എന്ന് പഠനങ്ങൾ തെളിയിക്കുന്നു. അതിനാൽ സന്തോഷകരമായ ലൈംഗികജീവിതത്തിന് വ്യായാമം മുതൽക്കൂട്ടാണെന്ന് പറയാം. വ്യായാമം ലൈംഗികാവയവങ്ങളിലേക്കുള്ള രക്തപ്രവാഹം ത്വരിതപ്പെടുത്തുകയും ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോണിന്റെ ഉത്പാദനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മാത്രമല്ല ഇത് ശരീര സൗന്ദര്യവും ആകർഷകത്വവും വർധിപ്പിക്കുകയും ചെയ്യുന്നു. ഉദ്ധാരണശേഷിക്കുറവ്, സ്ത്രീ ലൈംഗിക ഉത്തേജന വൈകല്യം, യോനീ വരൾച്ച, രതിമൂർച്ഛയില്ലായ്മ, വജൈനിസ്മസ് (യോനീസങ്കോചം) തുടങ്ങിയ പ്രശ്നങ്ങൾ വ്യായാമം ചെയ്യുന്നവരിൽ കുറഞ്ഞു കാണപ്പെടുന്നു. മാത്രമല്ല, ബീജങ്ങളുടെ ആരോഗ്യത്തെ വർധിപ്പിക്കുന്ന ഇത് വന്ധ്യതയും ചെറുക്കുന്നു.

മധ്യവയസ്ക്കരായ പുരുഷന്മാരിൽ ആൻഡ്രോപോസ്, സ്ത്രീകളിൽ ആർത്തവവിരാമം തുടങ്ങിയ അവസ്ഥകളെ ചെറുക്കുവാനും ഇത് സഹായിക്കുന്നു. കെഗൽ വ്യായാമം ചുമക്കുമ്പോഴും, തുമ്മുമ്പോഴും അറിയാതെ മൂത്രം പോകുന്ന അജിതേന്ദ്രിയത്വം എന്ന അവസ്ഥയ്ക്കും, ഉദ്ധാരണശേഷിക്കുറവ്, വജൈനിസ്മസ് ഉൾപ്പടെയുള്ള ലൈംഗിക പ്രശ്നങ്ങൾക്കും ഒരു പരിധിവരെ പരിഹാരമാണ്.

ഭക്ഷണവും ആരോഗ്യവും

[തിരുത്തുക]
  • പോഷകസമൃദ്ധമായ ആഹാരം കഴിക്കേണ്ടത് ആരോഗ്യത്തിന് അത്യാവശ്യമാണ്. അതിനായി അധികം പഴുക്കാത്ത പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ, പയർ, പരിപ്പുവർഗങ്ങൾ, മുട്ട, മത്സ്യം, കൊഴുപ്പ് കുറഞ്ഞ മെലിഞ്ഞ മാംസം, യോഗർട്ട്, ഓട്സ്, കൂൺ മുതലായവ ഏറെ ഗുണകരമാണ്. ഇതുവഴി പ്രോട്ടീൻ അഥവാ മാംസ്യം, ഫൈബർ, വിറ്റാമിനുകൾ, ധാതുക്കൾ, ഒമേഗാ 3 ഫാറ്റി ആസിഡ് എന്നിവ ശരീരത്തിന് ലഭിക്കുന്നു. ഇത് രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ ഗുണകരമാണ്.
  • മത്സ്യങ്ങൾ കറിയാക്കി ഉപയോഗിക്കുക. ഇത് പ്രോടീൻ, ഒമെഗാ 3 ഫാറ്റി ആസിഡ്, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ മികച്ച സ്രോതസാണ്. ഉദാഹരണത്തിന് നെയ്മീൻ (അയക്കൂറ), കരിമീൻ, മത്തി, അയല, നെത്തോലി അഥവാ കൊഴുവ, തിരുത (കണമ്പ്), ആവോലി, കാളാഞ്ചി, പൂമീൻ തുടങ്ങിയ മത്സ്യങ്ങളിൽ ഒമേഗാ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിരിക്കുന്നു. വിദേശ രാജ്യങ്ങളിൽ ഏറെ കാണപ്പെടുന്ന സാമൺ, ട്രൗട്ട്, മാക്കറൽ തുടങ്ങിയവയിൽ ഒമേഗാ 3 ഫാറ്റി ആസിഡ് ഉയർന്ന അളവിൽ കാണപ്പെടുന്നു. തിലാപ്പിയ, റോഹു, കട്‌ല തുടങ്ങിയവയിലും ഈ പോഷകം കാണപ്പെടുന്നുണ്ട്.
  • അമിത ഭക്ഷണം ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. കൃത്യമായ അളവിൽ പോഷക സമൃദ്ധമായ ആഹാരം കഴിക്കുക. സാലഡ് പോലെയുള്ളവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
  • മാത്രമല്ല, അമിതമായ അളവിൽ ഉപ്പ്, മധുരം, എണ്ണ, കൊഴുപ്പ്, അന്നജം എന്നിവ അടങ്ങിയ അനാരോഗ്യകരമായ ആഹാരം കുറയ്ക്കുകയും വേണം. അതിനായി ചോറ്, ചപ്പാത്തി, ബിരിയാണി, വറുത്തതും പൊരിച്ചതും, എണ്ണ പലഹാരങ്ങൾ, മധുര പലഹാരങ്ങൾ, പഞ്ചസാര, കൊഴുപ്പേറിയ ചുവന്ന മാംസം, പായസം, അച്ചാറ്, കൊഴുപ്പ് കൂടിയ പാൽ, തേങ്ങ എന്നിവ കുറച്ചു മാത്രം ഉപയോഗിക്കുന്നതാണ് അഭികാമ്യം. ഇവയുടെ അമിതമായ ഉപയോഗം മാരക ജീവിതശൈലി രോഗങ്ങൾ, അമിതവണ്ണം, ഹോർമോൺ തകരാറുകൾ, കുടവയർ, ലൈംഗിക പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിക്കുന്നു.
  • പാലിൽ വലിയ അളവിൽ പൂരിതകൊഴുപ്പും, പ്രോട്ടീനും, കാൽസ്യവും വിറ്റാമിനുകളും ധാതുക്കളും മറ്റും അടങ്ങിയിരിക്കുന്നു. അതിനാൽ പാൽ ഒരു പോഷകാഹരമാണ് എന്ന്‌ പറയാം. എന്നിരുന്നാലും അമിതമായി കൊഴുപ്പ് അടങ്ങിയിരിക്കുന്നതിനാൽ കൊഴുപ്പ് പൂർണമായോ ഭാഗികമായോ നീക്കം ചെയ്ത പാൽ ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം. ‘സ്‌കിമിഡ് അഥവാ സെമി-സ്‌കിമിഡ് എന്നി (Skimmed, Semi-Skimmed’) ലേബലുകളോട് കൂടിയ പാൽ ഇത്തരത്തിൽ കൊഴുപ്പ് പൂർണമായും നീക്കം ചെയ്തതോ, ഭാഗികമായി നീക്കം ചെയ്തതോ ആണ്. ഇത് താരതമ്യേന ആരോഗ്യകരമാണ് എന്ന്‌ പറയാം. പ്രത്യേകിച്ച് അമിതവണ്ണം, അമിത കൊളസ്ട്രോൾ, ഹൃദ്രോഗം, പ്രമേഹം, ഫാറ്റി ലിവർ തുടങ്ങിയവ ഉള്ളവർ കൊഴുപ്പ് അടങ്ങിയ പാലിന്റെ അല്ലെങ്കിൽ അത്തരം പാൽ ധാരാളം ചേർത്ത ചായ പോലെയുള്ളവയുടെ ഉപയോഗം നിയന്ത്രിക്കേണ്ടതാണ്.
  • അതോടൊപ്പം വ്യായാമക്കുറവ്, അതിമദ്യാസക്തി, പുകവലി തുടങ്ങിയ ലഹരി ഉപയോഗം കൂടെ ഉണ്ടെങ്കിൽ ആരോഗ്യം താറുമാറാകാനുള്ള സാധ്യത വർധിക്കുന്നു.
  • ഇടനേരങ്ങളിൽ പലഹാരങ്ങൾക്ക് പകരം പഴങ്ങൾ, നട്സ് എന്നിവ ഉപയോഗിക്കാം. വറുത്തതും പൊരിച്ചതും കുറയ്ക്കുക, കറി വച്ച മത്സ്യം, കൊഴുപ്പ് കുറഞ്ഞ ഇറച്ചി, പുഴുങ്ങിയ മുട്ട, പച്ചക്കറി സാലഡ് അല്ലെങ്കിൽ പച്ചക്കറി വിഭവങ്ങൾ തുടങ്ങിയ സമീകൃത ആഹാരം കഴിക്കുന്നത് ഗുണകരമാണ്.
  • ചോറ്, ബിരിയാണി, ചപ്പാത്തി മുതലായ അന്നജത്തിന്റെ അളവ് കുറയ്ക്കേണ്ടതും അത്യാവശ്യമാണ്.
  • തവിട് അടങ്ങിയ മുഴുധാന്യങ്ങൾ കൃത്യമായ അളവിൽ ഉപയോഗിക്കുക.
  • അരി, പഞ്ചസാര എന്നിവ കൊണ്ടുള്ള പായസത്തേക്കാൾ പയർ, കടല, എള്ള്, ശർക്കര തുടങ്ങി പോഷക സമ്പുഷ്ടമായ വസ്തുക്കൾ കൊണ്ടുള്ള പായസം മിതമായി ഉപയോഗിക്കുന്നതാണ് മെച്ചം. മധുരം തീർത്തും ഒഴിവാക്കാൻ സാധിക്കാത്തവർ പഞ്ചസാരയ്ക്ക് പകരം ഒരു പരിധിവരെ ആരോഗ്യകരമായ അല്പം സ്റ്റീവിയ അല്ലെങ്കിൽ മധുര തുളസി ഉപയോഗിക്കുന്നത് സാധാരണമാണ്.
  • ദിവസേന ആവശ്യത്തിന് വെള്ളം കുടിക്കേണ്ടതും അനിവാര്യമാണ്. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതും രാത്രി വൈകി ഭക്ഷണം കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതല്ല. പ്രഭാത ഭക്ഷണം അഥവാ ബ്രേക്ക്‌ ഫാസ്റ്റ് പോഷക സമൃദ്ധമായത് തന്നെ ആയിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. രാത്രി ലഘുവായ ഭക്ഷണം കഴിക്കാവുന്നതാണ്.
  • മാതൃക പ്ലേറ്റ് (ഹെൽത്തി പ്ലേറ്റ് മോഡൽ): ഒരു പാത്രം അഥവാ പ്ലേറ്റിന്റെ പകുതി പച്ചക്കറി വിഭവങ്ങൾ അല്ലെങ്കിൽ പച്ചക്കറി സാലഡുകൾ, മൂന്നിലൊന്ന് ഭാഗം തവിട് അടങ്ങിയ അരിയുടെ ചോറ് (രണ്ട് സ്പൂൺ)/ ഗോതമ്പ്/ അന്നജം അടങ്ങിയ വിഭവം, ബാക്കി മൂന്നിലൊന്ന് ഭാഗം പ്രോട്ടീൻ അടങ്ങിയ വിഭവങ്ങൾ ഉദാഹരണത്തിന് മത്സ്യം/കൊഴുപ്പ് കുറഞ്ഞ മാംസം/ മുട്ട/ പയർ വർഗ്ഗങ്ങൾ/ കടല തുടങ്ങിയവ ഏതെങ്കിലും ഉപയോഗിക്കാനും ആരോഗ്യ വിദഗ്ദർ ശുപാർശ ചെയ്യുന്നു. ഇത്തരം പോഷകങ്ങൾ നിറഞ്ഞ ആരോഗ്യകരമായ ആഹാര രീതിയെ മാതൃകാ പ്ലേറ്റ് എന്നറിയപ്പെടുന്നു. ഇതിൽ ചോറ് പോലെയുള്ള അന്നജത്തിന്റെ അളവ് കുറവും പോഷകങ്ങൾ അടങ്ങിയ കറികൾ കൂടുതലാണെന്നതും ശ്രദ്ദേയം.
  • പോഷകാഹാരത്തിലെ ശരിയായ അളവ് – ലളിതമായ കൈമാപന മാർഗ്ഗം. കൈ ഉപയോഗിച്ച് ഭക്ഷണത്തിന്റെ അളവ് എളുപ്പത്തിൽ കണക്കാക്കാനുള്ള ഒരു മാർഗം. പ്ലേറ്റിന്റെ വിഭജനം • 50% പച്ചക്കറികൾ – 2 മുഷ്ടി (Fist) • 25% പ്രോട്ടീൻ – കൈതളിരിന്റെ വലുപ്പം (Palm) • 25% കാർബോഹൈഡ്രേറ്റ് – കൈ കുഴിച്ച പിടി (Cupped hand) കൈമാപനങ്ങൾ • പച്ചക്കറികൾ = 1 മുഷ്ടി ≈ 1 കപ്പ് • പ്രോട്ടീൻ = കൈതളിരിന്റെ കനം & വീതി ≈ 3–4 oz • അന്നജ = കൈ കുഴിച്ച പിടി ≈ ½ കപ്പ് (വേവിച്ചത്) • കൊഴുപ്പ് (Fats) = വിരലിന്റെ അഗ്രം (Thumb tip) ≈ 1 ടേബിൾസ്പൂൺ നിങ്ങളുടെ കൈ തന്നെ ഒരു മാപിനിയാണ്. ശരിയായ അളവിൽ ഭക്ഷണം കഴിച്ചാൽ ആരോഗ്യം സ്വാഭാവികമായി കൈവരും.

മാനസിക ആരോഗ്യം

[തിരുത്തുക]

മാനസിക ആരോഗ്യം മറ്റൊരു പ്രധാന ഘടകമാണ്. ഉദാഹരണത്തിന് വിഷാദരോഗം, ഉത്കണ്ഠ വൈകല്യം, വ്യക്തിത്വ വൈകല്യങ്ങൾ പോലെയുള്ള മാനസികരോഗങ്ങൾ, ആത്മഹത്യ പ്രവണത, മാനസിക സമ്മർദം (സ്‌ട്രെസ്‌) പോലെയുള്ള പ്രശ്നങ്ങൾ സമൂഹത്തെ ഗുരുതരമായി ബാധിക്കുന്നു. മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ട ലൈംഗിക പ്രശ്നങ്ങളും ഇവിടെ കണക്കിലെടുക്കുന്നു. ഉദാഹരണത്തിന് സ്ത്രീകളിൽ കാണപ്പെടുന്ന യോനീസങ്കോചം (വാജിനിസ്മസ്), പുരുഷന്മാരിലെ ഉദ്ധാരണക്കുറവ് തുടങ്ങിയവ. [7]

ലൈംഗികവും പ്രത്യുത്പാദനപരവുമായ ആരോഗ്യം

[തിരുത്തുക]

ഒരു വ്യക്തിയുടെ ലൈംഗികവും പ്രത്യുൽപാദനപരവുമായ ആരോഗ്യം (Sexual and Reproductive Health/ SRH) അവരുടെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും പര്യവേക്ഷണം ചെയ്യുന്ന ലൈംഗിക ക്ഷേമവും ഗവേഷണം, ആരോഗ്യ സംരക്ഷണം, സാമൂഹിക ആക്ടിവിസം എന്നിവയുടെ ഒരു മേഖലയാണ് ലൈംഗികവും പ്രത്യുൽപാദനപരവുമായ ആരോഗ്യം അഥവാ സെക്ഷ്വൽ ആൻഡ്‌ റിപ്രോഡക്റ്റീവ് ഹെൽത്ത്‌. ലോക ലൈംഗികാരോഗ്യ ദിനമായി സെപ്റ്റംബർ നാല് ആചരിക്കുന്നു.

ലോകാരോഗ്യ സംഘടനയുടെ (WHO) ആരോഗ്യത്തിന്റെ നിർവചനത്തിന്റെ ചട്ടക്കൂടിനുള്ളിൽ ഈ പദം കൂടുതൽ വിശാലമായി നിർവചിക്കാം - സംതൃപ്തവും സുരക്ഷിതവുമായ ലൈംഗികബന്ധത്തിൽ ഏർപ്പെടാനുള്ള ഒരു വ്യക്തിയുടെ കഴിവും എപ്പോൾ, എത്ര തവണ അങ്ങനെ ചെയ്യണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും ഉൾക്കൊള്ളുന്നു. യുഎൻ ഏജൻസികൾ പ്രത്യേകിച്ച് ലൈംഗികവും പ്രത്യുൽപാദനപരവുമായ ആരോഗ്യത്തെ നിർവചിക്കുന്നത് ലൈംഗികതയുമായി ബന്ധപ്പെട്ട ശാരീരികവും മാനസികവുമായ ക്ഷേമം ഉൾപ്പെടുന്നു.

സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം മൂലം ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ എച്ച്ഐവി അഥവാ എയ്‌ഡ്‌സ്‌ തുടങ്ങിയ രോഗാണുബാധകളും, ഗർഭധാരണവും പ്രസവവുമായി ബന്ധപ്പെട്ട സങ്കീർണ്ണതകൾ കാരണം അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യവും താറുമാറായേക്കാം. വന്ധ്യത, കുടുംബാസൂത്രണം, ഗർഭനിരോധന മാർഗങ്ങളുടെ ലഭ്യത, ഉപയോഗം, ആളുകൾക്ക് ഇതേപറ്റിയുള്ള അവബോധം, ശാസ്ത്രീയ ലൈംഗികാരോഗ്യ വിദ്യാഭ്യാസം തുടങ്ങിയവ ലൈംഗികവും പ്രത്യുൽപാദനപരവുമായ ആരോഗ്യവുമായി ബന്ധപെട്ടു കിടക്കുന്നു. ഇത്തരം പ്രശ്നങ്ങളും വ്യക്തിയെയും സമൂഹത്തെയും പ്രതികൂലമായി ബാധിക്കാറുണ്ട്.

പലർക്കും കുടുംബാസൂത്രണം, ഗർഭനിരോധന രീതികൾ, ലൈംഗികത എന്നിവയെപ്പറ്റി ശാസ്ത്രീയമായ അറിവില്ല. ഗര്ഭനിരോധനത്തിന് ഏത് മാർഗമാണ് തങ്ങൾക്ക് അനുയോജ്യം എന്നറിയാത്തവരും ധാരാളമുണ്ട്. ഇക്കാരണത്താൽ ആഗ്രഹിക്കാത്ത ഗർഭം, പ്രസവം എന്നിവ നടക്കാറുണ്ട്. ചിലർക്ക് ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ ഉണ്ടാകുന്നു. ഇതേ തുടർന്ന് ഗൗരവമുള്ള പലവിധ പ്രശ്നങ്ങൾ, കേസുകൾ തുടങ്ങിയവ ഉടലെടുക്കുന്നതായി കാണാം. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ ശാസ്ത്രീയമായ ബോധവൽക്കരണം അത്യാവശ്യമാണ്. പലപ്പോഴും വെറും വിശ്വാസത്തിന്റെ പേരിൽ യാതൊരുവിധ നിരോധന മാര്ഗങ്ങളൊന്നുമില്ലാതെ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് അപകടങ്ങളിലേക്ക് നയിക്കുന്നു. കോണ്ടം, ലൂബ്രിക്കന്റ് ജെല്ലി എന്നിവ വാങ്ങാൻ മടിക്കുന്നവരും ധാരാളം.

കുടുംബാസൂത്രണം ഏറെ പ്രധാനമാണ്. ദ്രുതഗതിയിലുള്ള ജനസംഖ്യാവർദ്ധനവ് വിഭവങ്ങളുടെ (ഭക്ഷണം, ജലം, ഊർജ്ജം) ലഭ്യതയിലും അടിസ്ഥാന സൗകര്യങ്ങളുടെ (വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം) മേലുള്ള സമ്മർദ്ദവും വർദ്ധിപ്പിക്കുന്നു. ഇത് ദാരിദ്ര്യം, തൊഴിലില്ലായ്മ, പരിസ്ഥിതി പ്രശ്നങ്ങൾ (വനം നശീകരണം, മലിനീകരണം) എന്നിവയ്ക്ക് കാരണമാവുകയും, വികസന പദ്ധതികളെയും സാമ്പത്തിക വളർച്ചയുടെ വേഗതയെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യാം. ഓരോ പൗരനെയും സംബന്ധിച്ചിടത്തോളം, വിഭവങ്ങൾക്കായുള്ള വർധിച്ച മത്സരം, അവസരങ്ങൾക്ക് വേണ്ടിയുള്ള മത്സരം തുടങ്ങിയവ കാരണം ജീവിതനിലവാരം കുറയുക, സാമൂഹിക അസമത്വങ്ങൾ കൂടുക, വിദ്യാഭ്യാസ-ആരോഗ്യ സേവനങ്ങളുടെ ഗുണമേന്മ കുറയുക, കുറ്റകൃത്യങ്ങൾ വർദ്ധിക്കുക എന്നിവ സംഭവിക്കാറുണ്ട് എന്ന്‌ കണക്കുകൾ സൂചിപ്പിക്കുന്നു. കുട്ടികളെ വളർത്താൻ ശേഷിയില്ലാത്ത ഒരു കുടുംബത്തിൽ ധാരാളം കുട്ടികൾ ജനിച്ചാൽ അവരുടെ ആഹാരം, വസ്ത്രം, പാർപ്പിടം, വിദ്യാഭ്യാസം മുതൽ ആരോഗ്യ കാര്യങ്ങളിൽവരെ മാതാപിതാക്കൾക്ക് വളരെയധികം ബുദ്ധിമുട്ടേണ്ടി വരുന്നു. ഇത് പലപ്പോഴും മാതാപിതാക്കൾക്ക് താങ്ങാൻ സാധിക്കണമെന്നില്ല. കുടുംബാസൂത്രണം പ്രചാരത്തിൽ ആകുന്നതിന് മുൻപ് മിക്ക ദമ്പതികൾക്കും ഒരുപാട് കുട്ടികൾ ഉണ്ടായിരിക്കുകയും എന്നാൽ അവരുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും വളരെയേറെ ബുദ്ധിമുട്ടേണ്ടി വരുന്ന കാഴ്ച ഏറെ സാധാരണമായിരുന്നു എന്ന്‌ വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു. ഇത് മാതാപിതാക്കളെ അമിതമായ മാനസിക സമ്മർദത്തിലേക്കും സാമ്പത്തിക പ്രശ്നങ്ങളിലേക്കും തള്ളി വിടാറുള്ള ഒരു കാര്യമായി വിലയിരുത്തപ്പെടുന്നു.

വികസിത രാജ്യങ്ങളിൽ ലൈംഗികാരോഗ്യ ക്ലിനിക്കുകൾ ഏറ്റവും സാധാരണമാണ്. ഉദാഹരണത്തിന് യുകെയിൽ ജനിറ്റോ യൂറിനറി മെഡിസിൻ ക്ലിനിക് അഥവാ GUM ക്ലിനിക് പ്രവർത്തിക്കുന്നു. ഇതൊരു സെക്ഷ്വൽ ഹെൽത്ത്‌ ക്ലിനിക് ആണ്.

പുരുഷന്മാരിൽ കാണപ്പെടുന്ന ഉദ്ധാരണശേഷിക്കുറവ്, സ്ത്രീകളിൽ യോനീസങ്കോചം (വജൈനിസ്മസ്), യോനീ വരൾച്ച, വേദനാജനകമായ ലൈംഗികബന്ധം, സ്ത്രീ ലൈംഗിക ഉത്തേജന വൈകല്യം തുടങ്ങിയവ ഉദാഹരണം.

ജെൻഡറുമായി ബന്ധപ്പെട്ട അസമത്വങ്ങളും ആരോഗ്യത്തെ ബാധിച്ചേക്കാം. ട്രാൻസ്ജെൻഡറുകൾ, മറ്റ് ലൈംഗികന്യൂനപക്ഷങ്ങൾ എന്നിവർക്ക് ഉണ്ടാകാവുന്ന പ്രശ്നങ്ങൾ എന്നിവയൊക്കെ രോഗഹേതുവാകാം.

ശാസ്ത്രീയ ലൈംഗികാരോഗ്യ വിദ്യാഭ്യാസത്തിന്റെ അഭാവം ഏറെ അപകടകരമാണ്. ഇത്തരം സാഹചര്യത്തിൽ ആളുകളിൽ ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളെയും, ഗർഭ നിരോധന മാർഗങ്ങളെയും, സുരക്ഷിതവും തൃപ്തികരവുമായ ലൈംഗികതയെ സംബന്ധിച്ച അറിവ് ഇല്ലാതിരിക്കുകയും, ഇക്കാരണത്താൽ ആഗ്രഹിക്കാത്ത ഗർഭധാരണവും, എയ്‌ഡ്‌സ്‌ ഉൾപ്പെടെയുള്ള രോഗങ്ങൾ പകരുവാനും സാധ്യതയുണ്ട്. ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസം നൽകാൻ ആരോഗ്യ പ്രവർത്തകരും അധ്യാപകരും മുന്നോട്ട് വരേണ്ടതുണ്ട്. മാത്രമല്ല, ലൈംഗിക ബന്ധത്തിന് ആവശ്യമായ സമ്മതത്തെ പറ്റിയും (consent) പീഡന ശ്രമങ്ങളെ തിരിച്ചറിയേണ്ടതിനെ പറ്റിയും ഇത്തരം വിദ്യാഭ്യാസത്തിലൂടെ ബോധവൽക്കരണം നൽകേണ്ടതുണ്ട്. ഇത് പീഡന ശ്രമങ്ങളെ ചെറുക്കാൻ ആവശ്യമാണ്.

ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ, ഗർഭധാരണം എന്നിവ നിയന്ത്രിക്കുന്നതിൽ കോണ്ടത്തിന് ഏറെ പ്രാധാന്യമുണ്ട്. പല തരത്തിൽ ഉള്ള കോണ്ടം ഇന്ന് ലഭ്യമാണ്. നേർത്തതും, കട്ടിയുള്ളതും, ഡോട്ടുകൾ നിറഞ്ഞതും; ബീജത്തെയും രോഗാണുക്കളെയും ചെറുക്കുന്നതും ലൂബ്രിക്കന്റ് അടങ്ങിയതുമെല്ലാം അവയിൽ ചിലതാണ്. യോനീ വരൾച്ച ഉള്ളവർക്ക് ലൂബ്രിക്കന്റ് അടങ്ങിയ ഉറകൾ അനുയോജ്യമാണ്. ആവശ്യമെങ്കിൽ വിപണിയിൽ ലഭ്യമായ മികച്ച ജലാധിഷ്ഠിത ലൂബ്രിക്കന്റുകൾ ഉപയോഗിക്കാവുന്നതാണ്. (ഉദാ: കേവൈ ജെല്ലി). വാനിലാ, ചോക്ലേറ്റ്, ബനാനാ തുടങ്ങിയ പല ഭക്ഷ്യസാധനങ്ങളുടെ രുചിയും മണവുമുള്ള ഉറകൾ ലാടെക്ക്സിന്റെ ഗന്ധം ഒഴിവാക്കുവാനും, അതുപോലെതന്നെ വദനസുരതം ഇഷ്ടപ്പെടുന്നവരെ ഉദ്ദേശിച്ചുള്ളതുമാണ്. തീരെ നേർത്ത ഉറകൾ (ഉദാ: എക്സ്ട്രാതിൻ, സ്കിൻ ഫിറ്റ്‌) ലൈംഗിക അനുഭൂതി ഒട്ടും കുറക്കുന്നില്ല. അതിനാൽ ഉപഭോക്താക്കൾക്കിടയിൽ ഇവക്ക് സ്വീകാര്യത കൂടുതലാണ് എന്ന് കമ്പനികൾ അവകാശപ്പെടുന്നു.

ശീഘ്രസ്ഖലനം ഉള്ള പുരുഷന്മാർക്ക് കൂടുതൽ സമയം ലഭിക്കുന്നതിന് വേണ്ടി ഉപയോഗിക്കാവുന്ന ഡിലേ, ലോങ്ങ്‌ ലാസ്റ്റിംഗ് (Delay, Long lasting)‘ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന പ്രത്യേകതരം കോണ്ടം ഇന്ന് ലഭ്യമാണ്. ഇവയിൽ അടങ്ങിയ പ്രത്യേകതരം ലൂബ്രിക്കന്റ് ആണ്‌ ഈ പ്രവർത്തനത്തിന് കാരണം. സ്ത്രീക്ക് രതിമൂർച്ഛ ലഭ്യമാക്കാൻ കുത്തുകൾ (ഡോട്ടഡ്), തടിപ്പുകൾ (Ribbed) എന്നിവ ഉള്ള ഉറകൾ സഹായിക്കുന്നു. അതിനാൽ ലൈംഗിക ആസ്വാദനം മെച്ചപ്പെടുത്താനും ഇവ ഉപയോഗിക്കുന്നു. ഇവ പലതും ചേർന്നു വരുന്ന രീതിയിൽ ഉള്ള ഉറകളും ധാരാളം. ഇത് ഒരേസമയം പുരുഷന് സമയദൈര്ഖ്യം നൽകുകയും സ്ത്രീക്ക് രതിമൂർച്ഛ ലഭ്യമാക്കാൻ സഹായിക്കുകയും ചെയ്യുന്നു. മ്യുച്ചൽ ക്ലൈമാക്സ്‌ തുടങ്ങിയ പേരിൽ ലഭിക്കുന്ന ഉറകൾ ഇതിന് ഉദാഹരണമാണ്. വദനസുരതം ഇഷ്ടപ്പെടുന്നവർക്ക് വായയിൽ ധരിക്കാൻ ദന്തമൂടികൾ അഥവാ ഡെന്റൽ ഡാംസ് ലഭ്യമാണ്. സ്ത്രീകൾക്കുള്ള കോണ്ടവും ഫലപ്രദമാണ്.

ഫാർമസി, സൂപ്പർമാർക്കറ്റുകൾ, ചെറിയ കടകൾ മുതൽ ഓൺലൈനായിവരെ കോണ്ടം വാങ്ങാൻ സാധിക്കും. ഇത് സാധാരണക്കാർക്ക് കോണ്ടത്തിന്റെ ലഭ്യത എളുപ്പമാക്കുന്നു. എന്നാൽ പലർക്കും ഇവ ചോദിച്ചു വാങ്ങാൻ തന്നെ ലജ്ജയും മടിയുമാണ്. എന്നാൽ നേരിട്ട് വാങ്ങാൻ ബുദ്ധിമുട്ട് ഉള്ളവർക്ക് ഓൺലൈൻ മാർഗത്തിൽ സ്വകാര്യമായി ഇവ വാങ്ങുവാനും ഇന്ന് സൗകര്യമുണ്ട്. ഉറകൾ വിൽക്കുന്നതിനോ സൂക്ഷിക്കുന്നതിനോ പ്രത്യേക ലൈസൻസ് ആവശ്യമില്ല.

സർക്കാർ ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ വഴി ഇവ സൗജന്യമായി ലഭ്യമാണ്. വികസിത രാജ്യങ്ങളിൽ ഹോട്ടലുകൾ, പബ്ലിക് ടോയ്‌ലെറ്റുകൾ, സർക്കാർ ഓഫീസുകൾ, ബാറുകൾ തുടങ്ങിയ ഇടങ്ങളിൽ കോണ്ടം ലഭിക്കുന്ന അത്യാധുനിക യന്ത്രം ഘടിപ്പിച്ചിട്ടുണ്ട്.[8][9][10][11][12]

കാൻസർ നിയന്ത്രണം

[തിരുത്തുക]

മിക്ക അർബുദങ്ങളും തുടക്കത്തിൽത്തന്നെ കണ്ടുപിടിക്കാവുന്നവയാണ്. കാൻസർ അതിന്റെ ആരംഭദശയിൽ തന്നെ കണ്ടുപിടിക്കുകയും, കാര്യക്ഷമമായവിധം ചികിത്സിക്കുകയും ചെയ്താൽ നല്ലൊരു പരിധിവരെ മാറ്റാമെന്ന് ആധുനിക വൈദ്യശാസ്ത്രം തെളിയിക്കുന്നു. അർബുദത്തിന്റെ ആരംഭദശയിലുള്ള കണ്ടുപിടിത്തമാണ് കാര്യക്ഷമമായ ചികിത്സയുടെ അവിഭാജ്യഘടകം എന്ന് ഇതിൽനിന്ന് വ്യക്തമാകും. എന്നാൽ പലർക്കും ഇതേപറ്റി അറിയില്ല. ചിലർ രോഗ ലക്ഷണങ്ങൾ അവഗണിക്കുന്നു.

അർബുദത്തെപ്പറ്റി പൊതുജനങ്ങളെ ബോധവാന്മാരാക്കുക എന്നുള്ളതാണ് ഈ പദ്ധതിയിൽ ആദ്യമായി ചെയ്യേണ്ടത്. അടുത്ത ബന്ധുക്കൾക്ക് കാൻസർ ഉണ്ടായിട്ടുണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പാരമ്പര്യം ഒരു ഘടകമായി വരുന്നത് കൊണ്ടാണ് ഇങ്ങനെ പറയുന്നത്.

ഇതിന് അർബുദത്തിന്റെ ആരംഭദശയിലുള്ള അപകടസൂചനയെപ്പറ്റി അവരെ മനസ്സിലാക്കിക്കണം. ഈ സൂചനകൾ താഴെ പറയുന്നവയാണ്:

കരിയാൻ താമസിക്കുന്ന വ്രണം

ദേഹത്ത് എവിടെയെങ്കിലും, പ്രത്യേകിച്ച് സ്ത്രീകളുടെ സ്തനങ്ങളിൽ, ഉണ്ടാകുന്ന മുഴയോ, കല്ലിപ്പോ, നിറം മാറ്റമോ ഉടനെ പരിശോധനയ്‌ക്ക് വിധേയമാക്കുക.

സാധാരണയിൽ കവിഞ്ഞ രക്തസ്രാവം, പഴുപ്പു പോക്ക് മുതലായവ

പെട്ടെന്നു വളരുന്ന കറുത്ത മറുകുകൾ

വിശപ്പില്ലായ്മ, വിഴുങ്ങുന്നതിനു തടസ്സം മുതലായവ ഒച്ചയടപ്പും വിട്ടുമാറാത്ത ചുമയും

വിരേചനയിലുണ്ടാകുന്ന തകരാറുകൾ

അമിതമായ ആർത്തവ രക്‌തസ്രാവം, ആർത്തവവിരാമത്തിന് ശേഷമുള്ള അമിത രക്തസ്രാവം, ലൈംഗിക ബന്ധത്തിന് ശേഷമുള്ള അമിത രക്തസ്രാവം, വേദനാജനകമായ ലൈംഗികബന്ധം തുടങ്ങിയവ.

സ്തനാർബുദം (ബ്രെസ്റ്റ് കാൻസർ)

[തിരുത്തുക]

സ്ത്രീകളിൽ സ്തനങ്ങളിൽ, ഉണ്ടാകുന്ന മുഴയോ, കല്ലിപ്പോ, നിറം മാറ്റമോ സ്തനാർബുദത്തിന്റെ ലക്ഷണമാകാം. സ്വയം സ്തന പരിശോധന നടത്തുന്നത് വഴി ഇവ നേരത്തെ കണ്ടെത്താവുന്നതാണ്.

ഗർഭാശയ കാൻസർ

[തിരുത്തുക]

സ്ത്രീകളിൽ ആർത്തവ സമയത്ത് അമിതമായ രക്തസ്രാവം ഉണ്ടാവുക ആണെങ്കിലോ അല്ലെങ്കിൽ മാസമുറ സമയത്ത് അല്ലാതെ രക്തസ്രാവം ഉണ്ടാകുമെങ്കിലോ അത് ഗർഭാശയ കാൻസർ ആകാം. ഇത്തരം പ്രശ്നം ഉണ്ടെങ്കിൽ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ടു ഉടനെ പരിശോധന നടത്തേണ്ടതാണ്. ആർത്തവവുമായി ബന്ധപെട്ടു സ്ത്രീകൾക്ക് ഇതെപ്പറ്റിയുള്ള ബോധവൽക്കരണം അത്യാവശ്യമാണ്.

ഗർഭാശയമുഖ കാൻസർ

[തിരുത്തുക]

സ്ത്രീകളിൽ ലൈംഗിക ബന്ധത്തിന് ശേഷമുള്ള രക്തസ്രാവം, വേദനാജനകമായ ലൈംഗികബന്ധം എന്നിവ ഗർഭാശയമുഖ കാൻസർ ലക്ഷണമാകാം. ഇത്തരം പ്രശ്നം ഉണ്ടെങ്കിൽ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ടു ഉടനെ പരിശോധന നടത്തേണ്ടതാണ്. ഇതിനെതിരെ ഫലപ്രദമായ HPV പ്രതിരോധ വാക്സിൻ ലഭ്യമാണ്. ഇത് എല്ലാ സ്ത്രീകളും കൃത്യമായി എടുക്കുക.

രക്‌താർബുദം (ബ്ലഡ്‌ കാൻസർ)

[തിരുത്തുക]

ഇടയ്ക്കിടെ ഉണ്ടാകുന്ന പനിയാണ് പ്രധാന ലക്ഷണം, പ്രത്യേകിച്ച് അധികം ഊഷ്മാവില്ലാത്ത പനി ബ്ലഡ്‌ കാൻസർ ലക്ഷണമാകാം.

കുടലിലെ അർബുദം

[തിരുത്തുക]

മലത്തിലുണ്ടാകുന്ന രക്തമാണ് പ്രധാന ലക്ഷണം. പൈൽസ്, മലബന്ധം പോലെയുള്ള രോഗങ്ങൾ കൊണ്ടും ഈ ലക്ഷണം ഉണ്ടാകാം. എന്നിരുന്നാലും ഇടയ്ക്കിടെ മലത്തിൽ രക്തം കാണുന്നത് കുടൽ അർബുദ ലക്ഷണമാകാം. ഇടയ്ക്കിടെ ഉണ്ടാകുന്ന മലബന്ധവും വയറിളക്കവും ഇത്തരം കാൻസർ ലക്ഷണമാകാം.

ശ്വാസകോശ അർബുദം

[തിരുത്തുക]

നാല് ആഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ചുമ, ശരീരഭാരം കുറയുക, ഇടയ്ക്കിടെയുള്ള പനി എന്നിവ ശ്വാസകോശ കാൻസർ ലക്ഷണമാകാം. പുകവലി ഇത് ഉണ്ടാകാൻ ഒരു പ്രധാന കാരണമാണ്.

തലച്ചോറിലെ കാൻസർ (ബ്രെയിൻ ട്യൂമർ)

[തിരുത്തുക]

കാഴ്ചക്കുറവ്, തലവേദന, ഓർമ്മക്കുറവ് എന്നിവയാണ് ബ്രെയിൻ ട്യൂമർ ലക്ഷണം.

വായിലെ കാൻസർ

[തിരുത്തുക]

വായിലെ ഉണങ്ങാത്ത വേദനയില്ലാത്ത മുറിവുകൾ, വായിലുണ്ടാകുന്ന മുഴകൾ, ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവ വായിലെ കാൻസർ ലക്ഷണമാകാം. പുകയില ഉപയോഗം ഒരു പ്രധാന കാരണമാണ്.

വയറ്റിലെ കാൻസർ

[തിരുത്തുക]

സ്ഥിരമായി ഭക്ഷണം കഴിച്ചാൽ ദഹിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും വയറെരിയുകയും ചെയ്യുക, രക്തം ഛർദിക്കുക തുടങ്ങിയവയാണ് ലക്ഷണങ്ങൾ. വറുത്തതും പൊരിച്ചതും മൊരിഞ്ഞതും ഉൾപ്പടെയുള്ള അനാരോഗ്യകരമായ ഭക്ഷണം, ചുവന്ന മാംസത്തിന്റെ അമിത ഉപയോഗം, പഴങ്ങൾ പച്ചക്കറികൾ എന്നിവയുടെ കുറഞ്ഞ ഉപയോഗം എന്നിവ ഇത്തരം കാൻസർ ഉണ്ടാകാൻ പ്രധാന കാരണങ്ങളാണ്.

തൊലിപ്പുറത്തെ കാൻസർ

[തിരുത്തുക]

മറുകുകൾ പെട്ടന്ന് വലിപ്പം വയ്ക്കുക, ചർമത്തിൽ ഉണ്ടാകുന്ന നിറവ്യത്യാസം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.

പൊതുജനാരോഗ്യം

[തിരുത്തുക]

കുറേക്കൂടി വിപുലമായ രീതിയിൽ ഇതിനെ പൊതുജനാരോഗ്യം (Public Health) എന്ന് വിളിക്കുന്നു. സമൂഹത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ കുറിക്കാൻ പൊതുജനാരോഗ്യം എന്ന വാക്ക് ഉപയോഗിക്കാറുണ്ട്.

പബ്ലിക് ഹെൽത്ത്‌ (Public health), കമ്മ്യൂണിറ്റി മെഡിസിൻ (Community medisine) തുടങ്ങിയ വൈദ്യശാസ്ത്രശാഖകൾ ആരോഗ്യത്തിന്റെ വിവിധ വശങ്ങൾക്ക് ഊന്നൽ കൊടുക്കുന്ന മേഖലകളാണ്.[13][14]

ലോകത്തിലെ മികച്ച പൊതുജനാരോഗ്യ സംവിധാനം ഉള്ള രാജ്യങ്ങൾ

[തിരുത്തുക]

വിവിധ കണക്കുകൾ പ്രകാരം ലോകത്തിലെ മികച്ച പൊതു ജനാരോഗ്യ സംവിധാനം ഉള്ള ആദ്യത്തെ പത്ത് രാജ്യങ്ങൾ താഴെ കൊടുക്കുന്നു. തായ്‌വാൻ, ദക്ഷിണ കൊറിയ, ജപ്പാൻ, നെതർലന്റ്സ്, ഡെന്മാർക്ക്‌, ഓസ്ട്രിയ, ഫ്രാൻസ്, ഫിൻലാൻഡ്, തായ്‌ലൻഡ്, സ്പെയിൻ എന്നിവയാണ് അത്. കൂടാതെ സ്വീഡൻ, നോർവേ, സ്വിറ്റ്സർലൻഡ്, ഓസ്ട്രേലിയ, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളും ഉന്നത നിലവാരമുള്ള ആരോഗ്യ പരിപാലന സംവിധാനങ്ങൾ കൊണ്ട് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ആരോഗ്യ പരിപാലന സൂചികകളിലെ സ്കോറുകൾ, കാര്യക്ഷമത, മൊത്തത്തിലുള്ള ആരോഗ്യ മികവ്, എല്ലാവർക്കും മികച്ച ചികിത്സ അഥവാ യൂണിവേഴ്സൽ ഹെൽത്ത് കവറേജ് തുടങ്ങിയവയാണ് ഇതിൽ കണക്കിലെടുത്തിട്ടുള്ളത്. അവ വിശദമായി താഴെ കൊടുക്കുന്നു.

1. തായ്‌വാൻ- ലോകത്തിലെ മികച്ച ആരോഗ്യ പരിപാലന സംവിധാനം ഉള്ള ഒരു രാജ്യമാണ് ഇത്. ഉയർന്ന ആരോഗ്യ സൂചികകൾ അവിടെ കാണാനാവുന്നതാണ്. ദേശീയ ആരോഗ്യ‌ ഇൻഷുറൻസ് മുഖേന എല്ലാവർക്കുമുള്ള യൂണിവേഴ്സൽ കവറേജ്, ഉയർന്ന കാര്യക്ഷമത എന്നിവയും അവിടെ കാണാം.

2. ദക്ഷിണ കൊറിയ-ആഗോള റാങ്കിഗിൽ രണ്ടാം സ്ഥാനത്തുള്ള ദക്ഷിണ കൊറിയ ആരോഗ്യ പരിപാലന മേഖലയിൽ ഏറെ മുന്നിലാണ്.

3. ജപ്പാൻ-ശക്തമായ ആരോഗ്യ പരിപാലന സംവിധാനം ഉള്ള മറ്റൊരു രാജ്യമാണ് ജപ്പാൻ. ഉയർന്ന നിലവാരത്തിലുള്ള ചികിത്സ ജപ്പാന്റെ പ്രത്യേകതയാണ്.

4. ദി നെതർലാന്ഡ്സ് - statista.com പ്രകാരം യൂണിവേഴ്സൽ ഹെൽത്ത്‌ കവറേജ്, ഉയർന്ന നിലവാരത്തിലുള്ള ചികിത്സ എന്നിവയിൽ ഈ രാജ്യം ഏറെ മുന്നിലാണ്.

5. ഡെന്മാർക് - ഉയർന്ന നിലവാരത്തിലുള്ള ചികിത്സ, ലഭ്യത എന്നിവയിൽ ഡെന്മാർക്ക് മുന്നിലാണ്.

6. ഓസ്ട്രിയ - യൂണിവേഴ്സൽ ഹെൽത്ത്‌ കെയർ സംവിധാനം, ഉയർന്ന നിലവാരം എന്നിവയിൽ ഓസ്ട്രിയ മുന്നിലാണ്.

7. ഫ്രാൻസ് - യൂണിവേഴ്സൽ ഹെൽത്ത്‌ ഇൻഷുറൻസ്, ഉയർന്ന നിലവാരം, ഗുണമേന്മ എന്നിവയുള്ള ചികിത്സ എന്നിവയിൽ ഫ്രാൻസ് മുന്നിട്ടു നിൽക്കുന്നു.

8. ഫിൻലാൻഡ് - പൊതുജനാരോഗ്യം, രോഗം വരാതെ നിയന്ത്രിക്കപ്പെടുന്ന Preventive സംവിധാനങ്ങൾ എന്നിവയിൽ ഫിൻലാൻഡ് മുന്നിട്ടു നിൽക്കുന്നു.

9. സ്പെയിൻ - ഉയർന്ന കാര്യക്ഷമതയുള്ള ആരോഗ്യ പരിപാലന സംവിധാനം കൊണ്ട് ശ്രദ്ധേയം.

10. തായ്‌ലൻഡ് - മികച്ച ആരോഗ്യ പരിചരണ സംവിധാനം ഉള്ള മറ്റൊരു രാജ്യം.

കൂടാതെ മറ്റു ചില രാജ്യങ്ങളും മികച്ച ആരോഗ്യ പരിപാലന നയങ്ങൾ കൊണ്ട് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

11. സ്വീഡൻ - മികച്ച പൊതു ആരോഗ്യ പരിപാലന സംവിധാനം, ഉയർന്ന നിലവാരമുള്ള പ്രത്യേക പരിചരണം എന്നിവ കാണപ്പെടുന്നു.

12. നോർവേ - യൂണിവേഴ്സൽ ഹെൽത്ത്‌ കവറേജ് അഥവാ ഇൻഷുറൻസ്, മികച്ച ചികിത്സ എന്നിവയുള്ള രാജ്യം.

13. സ്വിറ്റ്സർലാൻഡ് - നിർബന്ധിത സ്വകാര്യ ആരോഗ്യ ഇൻഷുറൻസ്, എല്ലാവർക്കും ചികിത്സ ലഭ്യമാക്കാൻ യൂണിവേഴ്സൽ കവറേജ് എന്നിവ കാണാം.

14. ഓസ്ട്രേലിയ - മികച്ച പൊതു, സ്വകാര്യ ആരോഗ്യ പരിപാലന സംവിധാനങ്ങൾ, ഹെൽത്ത്‌ ഇൻഷുറൻസ്, രോഗങ്ങൾ തടയാനുള്ള നടപടികൾ എന്നിവ കൊണ്ട് ശ്രദ്ധേയം.

15.സിങ്കപ്പൂർ - സർക്കാർ സബ്‌സിഡി, നിയമപരമായ സമ്പാദ്യങ്ങൾ കൊണ്ടുള്ള വ്യക്തിപരമായ ഉത്തരവാദിത്തം തുടങ്ങിയ കൊണ്ട് തികച്ചും വ്യത്യസ്തവും മികവുറ്റതുമായ ആരോഗ്യ പരിപാലന സംവിധാനം കൊണ്ട് ശ്രദ്ധിക്കപ്പെട്ട രാജ്യം.

റാങ്കിങ് നൽകുന്നതിന് കണക്കിലെടുക്കപ്പെട്ട ഘടകങ്ങൾ താഴെ കൊടുക്കുന്നു.

  • ഹെൽത്ത്‌ കെയർ ഇൻടെക്സ്: ആരോഗ്യ സംവിധാനങ്ങളുടെ ലഭ്യത, കാര്യക്ഷമത, ഗുണ നിലവാരം എന്നിവ കണക്കിലെടുക്കുന്നു.
  • യൂണിവേഴ്സൽ കവറേജ്: ആരോഗ്യ‌ ഇൻഷുറൻസ് ഉൾപ്പെടെ എല്ലാ പൗരന്മാർക്കും മികച്ച ചികിത്സ ലഭ്യമാക്കാനുള്ള കഴിവ്.
  • കാര്യക്ഷമത: ആരോഗ്യ മേഖല എങ്ങനെ പരിചരണം ലഭ്യമാക്കുന്നു, വിഭവങ്ങൾ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നത് സംബന്ധിച്ചു.

അവലംബം

[തിരുത്തുക]
  1. Preamble to the Constitution of the World Health Organization as adopted by the International Health Conference, New York, 19-22 June, 1946; signed on 22 July 1947 by the representatives of 61 States (Official Records of the World Health Organization, no. 2, p. 100) and entered into force on 7 April 1948.
  2. Constitution of the World Health Organization- Basic Documents, Forty-fifth edition, Supplement, October 2006.
  3. "World Health Organization (WHO)". https://www.who.int. {{cite web}}: External link in |website= (help)
  4. World Health Organization. The determinants of health. Geneva. Accessed 12 May 2011.
  5. "A healthy lifestyle - WHO recommendations". https://www.who.int. {{cite web}}: External link in |website= (help)
  6. "Healthy Lifestyle - Mayo Clinic". https://www.mayoclinic.org . {{cite web}}: External link in |website= (help)
  7. "Mental health - World Health Organization (WHO)". https://www.who.int. {{cite web}}: External link in |website= (help)
  8. "What is sexual and reproductive health?". https://www.msichoices.org. {{cite web}}: External link in |website= (help)
  9. "FSRH Home | FSRH". https://www.fsrh.org. {{cite web}}: External link in |website= (help)
  10. "Sexual and reproductive health and rights". https://www.who.int › Health topics. {{cite web}}: External link in |website= (help)
  11. "Erectile dysfunction - Symptoms and causes". https://www.mayoclinic.org. {{cite web}}: External link in |website= (help)
  12. "Female sexual dysfunction - Symptoms and causes". https://www.mayoclinic.org. {{cite web}}: External link in |website= (help)
  13. "Public health". https://en.wikipedia.org. {{cite web}}: External link in |website= (help)
  14. "HSC Public Health Agency". https://www.publichealth.hscni.net. {{cite web}}: External link in |website= (help)
  1. parks Textbook of Preventive and Social Medicine, 19th Ed 2009, , Bhaot, Jabalpur.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ആരോഗ്യം&oldid=4600635" എന്ന താളിൽനിന്ന് ശേഖരിച്ചത്