close
ഉള്ളടക്കത്തിലേക്ക് പോവുക

ആന്ദ്രിയ പല്ലാഡിയോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആന്ദ്രിയ പല്ലാഡിയോ
BERJAYA
പല്ലാഡിയോയുടെ ചിത്രം, പതിനേഴാം നൂറ്റാണ്ടിലേത്
ജനനം(1508-11-30)30 നവംബർ 1508
മരണം19 ഓഗസ്റ്റ് 1580(1580-08-19) (71 വയസ്സ്)
Buildingsവില്ല ബാർബറോ
വില്ല കാപ്ര
ബസിലിക്ക പല്ലാഡിയാന
സാൻ ജോർജിയോ മാഗ്യോർ പള്ളി
ഇൽ റെഡെൻ്റോർ
തിയേറ്റ്രോ ഒളിമ്പിക്കോ
Projectsവാസ്തുകലയെപ്പറ്റിയുള്ള നാല് പുസ്തകങ്ങൾ (ഇ ക്വാട്രോ ലിബ്രി ഡെൽ ആർക്കിടെക്റ്റൂറ)

പതിനാറാം നൂറ്റാണ്ടിൽ വെനീസ് റിപ്പബ്ലിക് പ്രവർത്തനകേന്ദ്രമാക്കിയ ഇറ്റാലിയൻ വാസ്തുശിൽപ്പിയായിരുന്നു ആന്ദ്രിയ പല്ലാഡിയോ. പുരാതന യവന റോമൻ ശൈലിയിലുള്ള കെട്ടിടങ്ങളുടെ പുനരാവിഷ്കരണത്തിന് ഇദ്ദേഹം വഴിതെളിച്ചു. പുരാതന റോമൻ വാസ്തുശിൽപിയായിരുന്ന വിട്രൂവിയസിൻ്റെ ശൈലിയെ പിന്തുടർന്ന പല്ലാഡിയോയെ വാസ്തുകലാചരിത്രത്തിലെ അഗ്രഗണ്യരിലൊരാളായി കണക്കാക്കുന്നു. ഇദ്ദേഹത്തിൻ്റെ മാതൃകയിലുള്ള കെട്ടിടനിർമ്മാണശൈലിയെ പല്ലാഡിയൻ ശൈലി എന്ന് വിളിക്കുന്നു.

ആന്ദ്രിയ ഡി പീറ്റ്രോ ഡെല്ലെ ഗൊണ്ടോല എന്നായിരുന്നു പല്ലാഡിയോയുടെ ആദ്യനാമം. 1508ൽ പാദുവയിൽ ജനിച്ച അദ്ദേഹം ഒരു കൽപ്പണിക്കാരനായാണ് ജീവിതമാരംഭിച്ചത്. 1524-ൽ ജന്മസ്ഥലത്തുനിന്ന് വെനീസിലെ വിസെൻസയിലെത്തി. അവിടെവച്ച് ജിയാൻജോർജിയോ ട്രിസിനോ എന്ന പ്രഭുവുമായി ചങ്ങാത്തത്തിലായി. ആന്ദ്രിയയുടെ കഴിവുകളിൽ ആകൃഷ്ടനായ ട്രിസിനോ, അദ്ദേഹത്തെ തൻ്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും കണക്കും ജ്യാമിതിയും പഠിപ്പിക്കുകയും ചെയ്തു. ട്രിസിനോയോടൊപ്പം റോം നഗരവും അവിടത്തെ പുരാതനനിർമ്മിതകളും സന്ദർശിക്കാനും ആന്ദ്രിയക്കായി. ഗ്രീക്ക് ദേവതയായ പല്ലാസ് അഥീനയുടെ സ്മരണാർത്ഥത്തിലുള്ള പല്ലാഡിയോ എന്ന പേര് ആന്ദ്രിയക്ക് സമ്മാനിച്ചതും ട്രിസിനോ ആയിരുന്നു.[1]

വാസ്തുകല

[തിരുത്തുക]
BERJAYA
ആന്ദ്രിയ പല്ലാഡിയോയുടെ വാസ്തുകലയുടെ നാല് ഗ്രന്ഥങ്ങൾ എന്ന ശ്രേണിയിലെ നാലാം പുസ്തകത്തിൽ നൽകിയിട്ടുള്ള, തള്ളിനിൽക്കുന്ന പോർട്ടിക്കോയോടുകൂടിയ വില്ല
BERJAYA
വൈറ്റ് ഹൗസ് - പല്ലാഡിയൻ ശൈലിയിലുള്ള പോർട്ടിക്കോ

വിസെൻസക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ പല്ലാഡിയോ തൻ്റെ ശൈലിയിൽ ചില കൊട്ടാരസദൃശ്യമായ കെട്ടിടങ്ങൾ, നാല് പള്ളികൾ, ഒരു മഠം, ഒരു ബസിലിക്ക, രണ്ട് പാലങ്ങൾ, 30 വില്ലകൾ എന്നിവ നിർമ്മിച്ചു. ഈ വില്ലകളിൽ പതിനേഴെണ്ണം ഇന്ന് നിലനിൽക്കുന്നുണ്ട്. പല്ലാഡിയോ തൻ്റെ നിർമ്മിതികളിൽ വിട്രൂവിയസിൻ്റെ നിയമങ്ങളെയാണ് പിന്തുടർന്നത്. പല്ലാഡിയോ സ്വന്തമായി ആവിഷ്കരിച്ചതെന്ന് വിലയിരുത്തപ്പെടുന്ന രീതികളിൽ സമശീർഷരുടെ സംഭാവനകളുമുണ്ടെന്ന് കരുതുന്നു. ഉദാഹരണത്തിന് തൂണുകളുടെ വിന്യാസത്തിൽ കൊറിന്ത്യൻ, അയോണിക്, ഡോറിക് ശൈലിയിലുള്ള തൂണുകളുടെ ഉയരക്രമം യഥാർത്ഥത്തിൽ പല്ലാഡിയോയുടെ സമകാലികനായ സെബാസ്റ്റ്യാനോ സെർലിയോയുടെ ആവിഷ്കാരമാണെന്നും കരുതുന്നുണ്ട്. പല്ലാഡിയോ നിർമ്മിച്ച വില്ലകളുടെ മുമ്പിൽ തൂണുകളോട് കൂടിയതും ത്രികോണാകൃതിയിൽ മുകൾവശവുമുള്ള പോർട്ടിക്കോകൾ നിർമ്മിച്ചു. പൗരാണിക റോമൻ ശൈലിയിൽ ഈ പ്രത്യേകത ക്ഷേത്രങ്ങൾക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ, വീടുകൾക്കായി ഒരിക്കലും ഉപയോഗിച്ചിട്ടില്ല. ഏതായാലും ഇതാണ് പല്ലാഡിയൻ ശൈലിയിലെ ഏറ്റവുമധികം പകർത്തപ്പെട്ട പ്രത്യേകത.[1]

1570ൽ, തൻ്റെ ജീവിതത്തിൻ്റെ അവസാനകാലത്ത് പ്രസിദ്ധീകരിച്ച 'ഇ ക്വാട്രോ ലിബ്രി ഡെൽ ആർക്കിടെക്റ്റൂറ' (വാസ്തുകലയുടെ നാല് പുസ്തകങ്ങൾ) എന്ന ഗ്രന്ഥമാണ് പല്ലാഡിയോയെ ചരിത്രത്തിൽ അനശ്വരനാക്കിയത്. കെട്ടിടങ്ങളുടെ രൂപരേഖകൾ, നിർമ്മാണനിയമങ്ങൾ എന്നിവക്ക് പുറമേ പ്രായോഗികതലത്തിലെ ഉപദേശങ്ങളും ഉൾക്കൊള്ളുന്ന എളുപ്പത്തിൽ പിന്തുടരാനാവുന്ന ഗ്രന്ഥമായിരുന്നു അത്.[1] പല്ലാഡിയൻ ശൈലി പതിനേഴാം നൂറ്റാണ്ടിൽ ഇനിഗോ ജോൺസ് ബ്രിട്ടനിലേക്കെത്തിച്ചു. പിന്നീട് യൂറോപ്പിലുടനീളവും വടക്കേ അമേരിക്കയിലും ഒട്ടേറെ കെട്ടിടങ്ങൾ ഈ ശൈലിയിൽ നിർമ്മിക്കപ്പെട്ടു.

അവലംബം

[തിരുത്തുക]
  1. 1 2 3 ബിൽ ബ്രൈസൻ (2010). At Home - A short history of private life. p. 341-346.
"https://ml.wikipedia.org/w/index.php?title=ആന്ദ്രിയ_പല്ലാഡിയോ&oldid=2601567" എന്ന താളിൽനിന്ന് ശേഖരിച്ചത്